Friday, 25 September 2009

പ്രോജെക്റ്റ്‌ : മധുചന്ദ്രലേഖ

ന്ദ്രനില്‍ ജലാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാവിയില്‍ അവിടെയുണ്ടാകാവുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നു. "പ്രോജെക്റ്റ്‌ മധുചന്ദ്രലേഖ" എന്ന പേരിലാണ് ഈ പദ്ധതികള്‍ രൂപവല്‍ക്കരിക്കുന്നത്. സര്‍ക്കാരിന്റെ കാര്‍ഷികം, ടൂറിസം, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രമുഖരാണ് വിവിധ പദ്ധതികള്‍ക്കായുള്ള രൂപരേഖകളും മാര്ഗനിര്‍ദേശങ്ങളും തയ്യാറാക്കുന്ന വിദഗ്ത പാനെലില്‍ ഉള്ളത് . ബെവറേജസ് കോര്പ്പറേഷനും (BEVCO) "പ്രോജെക്റ്റ്‌ മധുചന്ദ്രലേഖ" യില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. BEVCO യുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയ ബൈജുവാണ് കോര്പ്പറേഷനെ പാനെലില്‍ പ്രധിനിധീകരിക്കുന്നത്. വെള്ളയംബലത്തുള്ള ചന്ദ്രന്‍ പിള്ളയുടെ ചന്ദ്രിക ഹോടെലിന്ടെ മുകളിലത്തെ നിലയിലാണ് "പ്രോജെക്റ്റ്‌ മധുചന്ദ്രലേഖ" യുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ഇതുവരെ തയ്യാറാക്കിയ കരടു രേഖയുടെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ.
1. ചന്ദ്രനില്‍ തെങ്ങ് കൃഷി ചെയ്യാനാണ് കാര്‍ഷിക വകുപ്പിന്റെ ഉദ്യമം. കേരളത്തില്‍ ഇപ്പോള്‍ തെങ്ങ് കയററക്കാര്‍ക്കുള്ള ക്ഷാമമാണ് ഇതിനു പ്രേരണ നല്‍കുന്നത്. ചന്ദ്രനില്‍ ഗുരുത്വാകര്‍ഷണം ഇല്ലാത്തതു കൊണ്ട് തെങ്ങില്‍ ആര്‍ക്കു വേണമെങ്കിലും കയറാനും തേങ്ങയിടാനും സാധിക്കും. നാളികേരം ആസ്പദമാക്കിയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് അടുത്ത പടി. തെങ്ങുള്ളിടത് തേങ്ങാ മോഷണവും സ്വാഭാവികമാണല്ലോ. ഗുരുത്വാകര്‍ഷണം ഇല്ലാത്തതു കാര്യങ്ങള്‍ മോഷ്ടാക്കള്‍ക്ക്‌ എളുപ്പമാക്കുകയും ചെയ്യും. ഇതിനൊരു പ്രതിവിധി കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു നല്ല തുക പാരിതോഷികം നല്ക്കുന്നതും പാനെലിന്റെ പരിഗണനയിലുണ്ട്.
2. ചന്ദ്രനില്‍ ഹ്രസ്വ-ദീര്‍ഘ ദൂര ബസ്‌ സര്‍വീസുകള്‍ തുടങ്ങാന്‍ KSRTC പദ്ധതിയിടുന്നു. കേരളത്തിലെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കൂളായി ഓടും എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനായി പത്തനംതിട്ട ജില്ലയിലൂടെ ഓടുന്ന ബുസുകള്ക്കാണ് മുന്‍ഗണന. ബസുകള്‍ എങ്ങനെ ചന്ദ്രനില്‍ എത്തിക്കും എന്നതിനെ കുറിച്ച് കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നു വരുന്നു.
3. വെള്ളം ഉള്ള സ്ഥിതിക്ക് ചന്ദ്രനില്‍ ഒന്ന് രണ്ടു വാട്ടര്‍ തീം പാര്‍ക്കുകള്‍ തുടങ്ങിയില്ലെങ്കില്‍ മോശമല്ലെ എന്നാണു ടൂറിസം വകുപ്പ് ചോദിക്കുന്നത്.
4. ചന്ദ്രനില്‍ വെള്ളമുണ്ട്. സമ്മതിച്ചു. അപ്പോള്‍ ആ വെള്ളത്തില്‍ ഒഴിച്ച് കുടിക്കാന്‍ എന്തെങ്കിലും വേണ്ടെ?. തീര്‍ച്ചയായും വേണം..!!. വന്‍ പദ്ധതികളാണ് BEVCO ആസൂത്രണം ചെയ്യുന്നത്. മലയാളി ചന്ദ്രനില്‍ എത്തിയാല്‍ കേരളത്തിലെ BEVCO യുടെ വിജയം ചന്ദ്രനിലും തീര്‍ച്ചയായും ആവര്‍ത്തിക്കാനാവും എന്നാണു കണക്കുകൂട്ടല്‍. "കേരള/ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം" എന്ന ചീത്തപ്പേര് മാറ്റാനായി വിദേശ മദ്യ ബ്രാന്റുകള്‍ ചന്ദ്രനില്‍ നിര്‍മ്മിക്കാനാണ് പരിപാടി. അപ്പോള്‍ ആരും കുറ്റം പറയില്ലല്ലോ. ചന്ദ്രനിലെ കുടിയന്മാര്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ട് എന്നാണു BEVCO ചൂണ്ടിക്കാണിക്കുന്നത്. എത്ര അടിച്ചു പൂസായുലും ഗുരുത്വാകര്‍ഷണം ഇല്ലാത്തത് കൊണ്ട് എങ്ങും വീണു തല പൊട്ടില്ല. അങ്ങനെ ഒഴുകി നടക്കുകയെ ഉള്ളൂ. BEVCO ചന്ദ്രനില്‍ ബാറുകള്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും വാള് വെയ്ക്കുന്ന കുടിയന്മാരെ ഭയന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഗുരുത്വാകര്ഷണമില്ലായ്മ വില്ലനായി.
ഇതുപോലെ ധാരാളം ആശാവഹമായ പദ്ധതികള്‍ ഒരു വശത്ത് ആസൂത്രണം ചെയ്യുമ്പോള്‍ മറുവശത്ത് പ്രശ്നങ്ങളും ഉടലെടുക്കുന്നുണ്ട്. ചന്ദ്രനെ നോക്കിയിരിക്കുന്ന ലോഡിംഗ് അണ്‍ലോഡിംഗ് തൊഴിലാളികള്‍ക്ക്‌ നോക്ക് കൂലി നല്‍കണം എന്ന ആവശ്യം ഉന്നയിച്ചു തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളും ചന്ദ്രനിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നു എന്ന് അറിവായിട്ടുണ്ട്.

5 comments:

  1. ചന്ദ്രനില്‍ വെള്ളം കണ്ടപ്പോ ഇത്രേം ബഹളമാണേല്‍ അവിടെങ്ങാനും ഒരു പെണ്ണിനെ കണ്ടാലോ ? തേങ്ങ ഉടച്ചേക്കാം.. ട്ടെ ട്ടെ ഛെ വെടിയല്ല തേങ്ങയാ :)

    ReplyDelete
  2. ഞാള്‌ കൊറച്ച് ബോംബുകൾ ഒണ്ടാക്കിയാ അവിടെ ഇട്ടു പൊട്ടിക്കാൻ പറ്റുമൊ..?

    ReplyDelete
  3. പത്തനംതിട്ടക്കാര്‍ വെറും ‘മലയോര ജില്ലക്കാര്‍’ മാത്രം അല്ലന്നും ‘ബൂലോക ജില്ലക്കാര്‍’ ആണന്നും തെളിയിക്കേണ്ടത് ഓരോ
    പത്തനംതിട്ടജില്ലക്കാരന്റെയും ചുമതലയാണ്. മനസില്‍ തെളിയുന്നത് ബ്ലോഗില്‍ എഴുതി നമുക്ക് മലയോര ജില്ലയെ ബൂലോകജില്ലയാക്കാം

    ReplyDelete
  4. chandranil " vellamundu " ennathu shariyaanu,but athu "Neel astrong " poyappol avide marannu vecha vellamundaanu..........

    ReplyDelete
  5. hello... hapi blogging... have a nice day! just visiting here....

    ReplyDelete