"എടാ ജോണിക്കുട്ടിയേ....."
അപ്പച്ചനാണ് വിളിക്കുന്നത്. വലിയൊരു കൃഷിക്കാരനാണ് ജോണിക്കുട്ടിയുടെ അപ്പച്ചന്‍. നാലഞ്ചു ഏക്കര്‍ റബ്ബര്‍ തോട്ടം. വാഴ, കപ്പ, ചേന, ചേമ്പ് എന്നിവയും, പാവക്ക , മത്തങ്ങാ തുടങ്ങി ഒരു മാതിരിപ്പെട്ട എല്ലാ പച്ചക്കറികളും പുരയിടത്തിലും ആ പഞ്ചായത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ അപ്പച്ചന്‍ വാങ്ങിക്കൂട്ടിയ പറമ്പുകളിലും അങ്ങനെ തഴച്ചു വളര്‍ന്നു നില്‍ക്കുന്നത് കാണേണ്ട ഒരു കാഴ്ച തന്നെയാണ്.
അപ്പച്ചന്റെ നാല് മക്കളില്‍ ഇളയവനാണ് ജോണിക്കുട്ടി. പ്രീഡിഗ്രി വരെ പഠനം. അവിടവരെ എത്താന്‍ ഇടവക പള്ളിയിലെ രൂപക്കൂടിനു മുന്‍പില്‍ താന്‍ കത്തിച്ച മെഴുകുതിരികള്‍ എല്ലാം നീളത്തില്‍ ഒരു വരിയായി വച്ചാല്‍ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പകുതി കവര്‍ ചെയ്യാമായിരുന്നു എന്ന് പ്രീഡിഗ്രി തോറ്റപ്പോള്‍ ജോണിക്കുട്ടി കര്‍ത്താവിനോടു പരിഭവം പറഞ്ഞു. പിന്നീട് ഒരു സാഹസത്തിനു ജോണിക്കുട്ടി മുതിര്‍ന്നില്ല. ഇപ്പോള്‍ കൃഷി നോക്കി നടത്താന്‍ അപ്പച്ചനെ സഹായിക്കുന്നു.
"എന്നതാ അപ്പച്ചാ ?" അടുക്കലയിലിരുന്നു മൂന്നാമത്തെ കുറ്റി പുട്ടിലേക്ക് കൈ വയ്ക്കുകയായിരുന്ന ജോണിക്കുട്ടി ഉറക്കെ വിളിച്ചു ചോദിച്ചു.
"എടാ നീ നമ്മടെ ആ തെക്കേലെ പറംബീന്നു ഒരു വാഴക്കുല വെട്ടിക്കൊണ്ടു വരണം. ആ മുന്‍വശത്തെ കയ്യലയോട് ചേര്‍ന്ന് നിക്കുന്ന ആ പൂവന്‍ കുല പാകമായി നിക്കുവാ......വേണേല്‍ ആ കുട്ടനേം വിളിച്ചോ"
"ഉം.." ജോണിക്കുട്ടി സമ്മതം മൂളി.
വര്‍ഷങ്ങളായി കൃഷിയില്‍ അപ്പച്ചന്റെ വലം കയ്യായ വാസുകുട്ടന്റെ മകനാണ് കുട്ടന്‍. ജോണിക്കുട്ടിയും കുട്ടനും ഒരുമിച്ചു കളിച്ചു വളര്‍ന്നവരാണ്. മിക്കവാറും ഇരുവരും ഒന്നിച്ചാണ് നടപ്പ്. നാട്ടിലെ ബാലരമ വായിക്കുന്ന തല തെറിച്ച പിള്ളേര്‍ "ജമ്പനും തുമ്പനും" എന്നാണു വിളിക്കുനത്. ഇതില്‍ തുമ്പന്‍ ആരാണ് എന്നതിനെ ചൊല്ലി ജോണിക്കുട്ടിയും കുട്ടനും തമ്മില്‍ ഇടക്കിടെ കല്ല് കടിയുണ്ടാകാരുണ്ട്.പറമ്പിലേക്ക് കുറച്ചു ദൂരമുണ്ട്. അതുകൊണ്ട് ജോണിക്കുട്ടി തന്റെ അരുമ വാഹനമായ "ഹാര്‍ലി ടെവിട്സണ്‍"ഇല് അങ്ങോട്ടേക്ക് പോകാന്‍ തീരുമാനിച്ചു.
"ഹാര്‍ലി ടെവിട്സണ്‍" എന്നാണു ജോണിക്കുട്ടി ആ ശകടത്തെ വിളിക്കുന്നതെന്കിലും ബജാജ് m80 ആണ് സാധനം. അനിയതിപ്പ്രാവില്‍ കുഞ്ചാക്കോ ബോബന്‍ ഹീറോ ഹോണ്ട സ്പ്ലെണ്ടരില്‍ അങ്ങനെ വരുന്നത് കണ്ടതിനു ശേഷമാണ് അപ്പനോട് ഒരു ബൈക്ക് വേണം എന്നെ എളിയ ആവശ്യം ഉന്നയിച്ചത്.പൌലോസ് അച്ചായന്റെ മോള് ജാന്സിയേം കൊണ്ട് സ്പ്ലെണ്ടരില്‍ ചെത്തി നടക്കണം എന്നത് ജോണിക്കുട്ടിയുടെ ഒരു മോഹമായിരുന്നു. ഒടുക്കം സെക്കന്റ് ഹാന്റാണെങ്കിലും പുള്ളിക്കാരന്‍ ഇതെങ്കിലും വാങ്ങി തന്നല്ലോ എന്നത് മാത്രമാണ് ഒരാശ്വാസം. അങ്ങനെ കഴിഞ്ഞ പള്ളിപ്പെരുന്നാളിനു വാങ്ങിയ "റോയ് ബാന്‍" കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് ജോണിക്കുട്ടിയും ഒപ്പം കുട്ടനും കുല വെട്ടാനായി "ഹാര്‍ലി ടെവിട്സണ്‍" ഇല് യാത്രയായി.
അത്യാവശ്യം നല്ല വലിപ്പമുള്ള പൂവന്‍ കുലയാണ്. ഒരു പത്തു പതിനഞ്ച് കിലോയെങ്കിലും വരും. ജോണിക്കുട്ടി വണ്ടി ഓടിക്കുന്നു. കുലയുമായി പിന്‍ സീറ്റില്‍ കുട്ടനും. ജോണിക്കുട്ടി വണ്ടി ഓടിക്കുവല്ല പറത്തുകയാണ് എന്ന് കുട്ടന് തോന്നി. നല്ല സ്പീഡ്...!! കുരിശടി കഴിഞ്ഞുള്ള വളവു തിരിഞ്ഞു വേണം പോകാന്‍. സ്പീഡ് ഒട്ടും കുറക്കാതെ തന്നെ ജോണിക്കുട്ടി വണ്ടി വീശിയെടുത്തു. "ആഫ്രിക്കന്‍ നൈററ്സ്" ത്രിവേണിയില്‍ ദിവസേന നാല് കളികള്‍ - ഇടതു വശത്തുള്ള മതിലില്‍ ഒട്ടിച്ച പോസ്റ്റര്‍ അപ്പോഴാണ് ജോണിക്കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്.
"കൊള്ളാമല്ലോ ..!! കുറച്ചു നാളായി ഒന്ന് കണ്ടിട്ട്. നമുക്ക് ഇന്ന് പോയാലോ?" പുറകിലിരിക്കുന്ന കുട്ടനോട് ജോണിക്കുട്ടി ചോദിച്ചു.
അനക്കമില്ല.
സാധാരണ ഗതിയില്‍ കുട്ടനാണു ഇതിനൊക്കെ ഇനിഷിയെട്ടീവ് എടുക്കുന്നത്. ഇന്നെന്നാ പറ്റി?
"എടാ നിന്നോടാ ചോദിച്ചേ.."
അനക്കമില്ല.
എന്തോ പന്തികേട് തോന്നി. ജോണിക്കുട്ടി വണ്ടി നിര്‍ത്തി. പിറകില്‍ കുട്ടനില്ല..!!
"എന്റമ്മോ..!!" ജോണിക്കുട്ടി വണ്ടി തിരിച്ചു വിട്ടു.
അങ്ങനെ കുരിശടിയുടെ അടുത്തുള്ള വളവില്‍ എത്തിയെപ്പോള്‍ കുട്ടന്‍ അതാ ഒരു തെങ്ങിന്‍ ചുവട്ടില്‍ കുത്തിയിരിക്കുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ചോര പൊടിയുന്നുണ്ട്. വളവു വീശിയെടുത്തപ്പോള്‍ കുലയുമായി പുറകിലിരുന്ന കുട്ടന്‍ തെറിച്ചു പോയതാണ്. ഹാര്‍ലി പാര്‍ക്ക് ചെയ്തിട്ട് ജോണിക്കുട്ടി കുട്ടന്റെയടുതെക്ക് ഓടി. മുഖത്ത് ഭയങ്കര വിഷമം.എന്ത് സ്നേഹമുള്ള കൂട്ടുകാരന്‍...!! കുട്ടന്‍ മനസ്സില്‍ ഓര്‍ത്തു. കുട്ടിക്കാലത്തെ കാര്യങ്ങള്‍ സീരിയല്‍ തുടങ്ങുന്നതിനു മുന്‍പ് "കഥ ഇതുവരെ" എന്ന് കാണിക്കുന്ന പോലെ മനസ്സിലൂടെ മിന്നി മാഞ്ഞു.അപ്പോഴേക്കും ജോണിക്കുട്ടി അടുത്ത് വന്നു.
"വാഴക്കുലക്കൊന്നും പറ്റിയില്ലല്ലോ, അല്ലെ കുട്ടാ ?"
എന്ത് മറുപടി പറയണം എന്ന് അറിയാതെ കുട്ടന്‍ മിഴിച്ചിരിക്കുമ്പോള്‍ വഴക്കുലയുടെ അടുത്തേക്ക് ജോണിക്കുട്ടി ഓടി.
Subscribe to:
Post Comments (Atom)
ജോണികുട്ടീ..തേങ്ങാ ന്റെ വക .ട്ടേ ട്ടേ ..അപ്പൊ ആ കുട്ടന്‍ ആരാ ??
ReplyDeleteകൊള്ളാം ഭായീ ... ആശംസകള്‍..
ReplyDelete:)
ReplyDeleteജോജിമോന്‍, ഉണ്ണിച്ചന്‍, അരുണ്‍ കായംകുളം, എഴുത്തുകാരി - നന്ദി..നന്ദി..
ReplyDeleteകൊള്ളാം, സ്റ്റാന്‍ഡേര്‍ഡ് ഹാസ്യം വായിച്ച സന്തോഷം. ഈ ബ്ലോഗിലെ പോസ്റ്റുകള്‍ എല്ലാം നല്ലതാണു.ബെസ്റ്റ് വിഷസ്.
ReplyDelete