
തെറ്റിദ്ധരിക്കണ്ട; മൈക്രോസോഫ്റ്റിന്റെ ഏതെങ്കിലും പുതിയ സോഫ്റ്റ്‌വെയര്‍ അല്ല ഇത്. വിവരസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ കേരളം പുരോഗമിക്കുകയാണല്ലോ. ഈ പുരോഗമനത്തിന്റെ അലയൊലികള്‍ മോളിവുടിലും പ്രകടമാകുന്നുണ്ട് എന്ന് ഈയുള്ളവന് മനസ്സിലാക്കാന്‍ കഴിയുന്നു. ചില സിനിമകുളുടെ പേര് തന്നെ നോക്കൂ - "ലാപ്ടോപ്" , "മൈ മതെര്സ് ലാപ്ടോപ്" (ഈ പേര് മലയാളത്തില്‍ ആയിരുന്നേല്‍ "എന്റമ്മേടെ ലാപ്ടോപ്" എന്നാകുമായിരുന്നു. ഒരു ശ്രവണ സുഖമില്ല.), "എസ് എം എസ്", "നോട്ട്ബുക്ക്" (വരയിട്ടതോ വരയിടാത്തതോ ആയ നോട്ട്ബുക്ക് ആവില്ല ഈ പേര് കൊണ്ട് സംവിധായകന്‍ ഉദേശിച്ചത്. നോട്ട്ബുക്ക് പി സി ആകാനാണ് സാധ്യത) തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഇനി ചിലപ്പോള്‍ മമ്മൂട്ടിയുടെ "ഡെസ്ക്ടോപ്പ്", ലാലേട്ടന്റെ "വിന്‍ഡോസ് Xp റീലോഡഡ്", ദിലീപിന്റെ "മൗസ്", വിനയന്‍ സംവിധാനം ചെയ്യുന്ന "വിന്‍ഡോസും ലിനക്സും പിന്നെ മാകും", എ ടി ജോയ് സംവിധാനം ചെയ്യുന്ന "ബണ്ടില്ഡ് സോഫ്റ്റ്‌വെയര്‍" (*ing ഷക്കീല, മരിയ, രേഷ്മ, സിന്ധു) തുടങ്ങിയ സിനിമകളും പ്രതീക്ഷിക്കാം.
മൈക്രോസോഫ്റ്റിന്റെ പെയിന്റ്, മീഡിയ പ്ലെയര്‍ തുടങ്ങിയ സോഫ്റ്വേയരുകളും, കാഴ്ചയില്‍ നിര്‍ദോഷിയായി തോന്നാവുന്ന പെന്‍ ഡ്രൈവും മറ്റും ഉപയോഗിച്ച് തുംബില്ലാത്ത കൊലപാതക കേസുകള്‍ക്ക് തുംബുണ്ടാക്കുക മാത്രമല്ല അണുബോംബ് വരെ വേണമെങ്കില്‍ നിര്‍വീര്യമാക്കാം എന്ന് ചില സിനിമകളിലൂടെ ഇവിടെ ഡെമോണ്സ്ട്റേട് ചെയ്തു കഴിഞ്ഞു. ഓര്‍മ്മയുടെ റീസൈക്കിള്‍ ബിന്നില്‍ നിന്നും റിക്കവര്‍ ചെയ്ത ചില രംഗങ്ങള്‍ ചുവടെ :-
(1) ചിത്രം : കിലുക്കം കിലുകിലുക്കം
മൂന്നു വയസ്സുള്ളപ്പോള്‍ കാണാതെപോയ കൊച്ചിന്റെ ഫോട്ടോയും കൊണ്ട് സാദിക്കിനെ സമീപിക്കുന്ന ജയസൂര്യയും ഹരീശ്രീ അശോകനും. ഇപ്പോള്‍ പതിനേഴു വയസ്സുള്ള ആ കുട്ടി എങ്ങനെയിരിക്കും എന്ന് കണ്ടുപിടിക്കണം. "ഏജ് പ്രോഗ്രെഷന്‍ സോഫ്റ്റ്‌വെയര്‍" ഉപയോഗിച്ച് എല്ലാം ഇപ്പൊ ശരിയാക്കിത്തരാം എന്ന് സാദിക്ക് പറയുന്നു. പത്രത്തില്‍ നിന്നും വെട്ടിയെടുത്ത ആ ഫോട്ടോ പിന്നെ തെളിയുന്നത് മോണിറ്ററില്‍. പിന്നെ സാദിക്ക് തന്റെ വിരലുകള്‍ കൊണ്ട് കീബോര്‍ഡില്‍ ഒരു തെയ്യം കളി തന്നെ നടത്തുന്നു. അപ്പോള്‍ കൊച്ചിന്റെ ഏഴാം വയസ്സ് മുതല്‍ പതിനേഴു വയസ്സ് വരെയുള്ള പടങ്ങള്‍ മോണിറ്ററില്‍ തെളിയുന്നു. ഹോ അപാരം..!!. മോണിറ്ററില്‍ ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് വിന്‍ഡോസ് പിക്ചേര്‍സ് വ്യൂവരിനെ ഇങ്ങനെ "ഏജ് പ്രോഗ്രെഷന്‍ സോഫ്റ്റ്‌വെയര്‍" ആയും ഉപയോഗിക്കാം എന്ന് മനസ്സിലായത്.
(2) ചിത്രം : രമണ (തമിഴ്)
തമിഴ്‌നാട്ടിലെ അഴിമതി വീരന്മാരായ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ രമണയു ടെ (ക്യാപ്ടന്‍ വിജയകാന്ത്) കൈവശമുണ്ട് - ഫോടോയടക്കം. ജിബി കണക്കിന് വരുന്ന ഈ ഡാറ്റാബേസ് ബ്രൌസ് ചെയ്യാന്‍ അദ്ദേഹം യൂസ് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ - "വിന്‍ഡോസ് മീഡിയ പ്ലെയര്‍".
(3) ചിത്രം : ഭഗവാന്‍
ഈ മഹാസംഭവം കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. പെന്‍ ഡ്രൈവ് ഉപയോഗിച്ച് ബോംബ് നിര്‍വീര്യമാക്കുന്ന വിദ്യ ഈ ചിത്രത്തില്‍ ഡെമോണ്സ്ട്റേട് ചെയ്യുന്നുണ്ട് എന്ന് എവിടേയോ വായിച്ചു.
ഇതിനൊക്കെ പുറമേ പല കുറ്റാന്ന്വേഷണ സിനിമകളിലും അഡോബ് ഫോട്ടോഷോപ്പ്, എം എസ് പെയിന്റ് എന്നീ സോഫ്റ്റ്‌വെയറുകള്‍ "ഫിംഗര്‍ പ്രിന്റ് അനാലിസിസ്" സോഫ്റ്റ്‌വെയര്‍ ആയും ഉപയോഗിക്കുന്നത് കാണാം. ദൈവമേ, ഇതൊന്നും അഡോബും മൈക്രോസോഫ്റ്റും കാണാന്‍ ഇടവരുത്തരുതേ. അവരുടെ ഈ സോഫ്റ്റ്‌വെയറുകള്‍ ഇങ്ങനെയും ഉപയോഗിക്കാം എന്നറിഞ്ഞാല്‍ അവര്‍ വീണ്ടും വില കൂട്ടില്ലേ?
വാല്‍ക്കഷ്ണം :-
ചിത്രം : രാക്ഷസ രാജാവ്
ക്രൈം സീനില്‍ നിന്നും മമ്മൂട്ടിക്ക് ഒരു 64 KBയുടെ കാസിയോ ഡിജിറ്റല്‍ ഡയറി കിട്ടുന്നു. ഡിജിറ്റല്‍ ഡയറി തുറന്നു അതിന്റെ കീബോര്ടിലേക്ക് കൂലങ്കഷമായി നോക്കുന്നു. എന്നിട്ട് കൂടെയുള്ള പോലീസുകാരന്റെ കയ്യിലേക്ക് കൊടുത്തിട്ട് അയാളോട് പറയുന്നു "ഡീക്കോഡ് ആന്‍ഡ് ഡൌണ്‍ലോഡ് ദി ഡീററയില്‍സ്"...!! അപാരം...!! അപാരം..!!