Tuesday, 8 September 2009

വാഴക്കുല

"എടാ ജോണിക്കുട്ടിയേ....."
അപ്പച്ചനാണ് വിളിക്കുന്നത്‌. വലിയൊരു കൃഷിക്കാരനാണ്‌ ജോണിക്കുട്ടിയുടെ അപ്പച്ചന്‍. നാലഞ്ചു ഏക്കര്‍ റബ്ബര്‍ തോട്ടം. വാഴ, കപ്പ, ചേന, ചേമ്പ് എന്നിവയും, പാവക്ക , മത്തങ്ങാ തുടങ്ങി ഒരു മാതിരിപ്പെട്ട എല്ലാ പച്ചക്കറികളും പുരയിടത്തിലും ആ പഞ്ചായത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ അപ്പച്ചന്‍ വാങ്ങിക്കൂട്ടിയ പറമ്പുകളിലും അങ്ങനെ തഴച്ചു വളര്‍ന്നു നില്‍ക്കുന്നത് കാണേണ്ട ഒരു കാഴ്ച തന്നെയാണ്.
അപ്പച്ചന്റെ നാല് മക്കളില്‍ ഇളയവനാണ് ജോണിക്കുട്ടി. പ്രീഡിഗ്രി വരെ പഠനം. അവിടവരെ എത്താന്‍ ഇടവക പള്ളിയിലെ രൂപക്കൂടിനു മുന്‍പില്‍ താന്‍ കത്തിച്ച മെഴുകുതിരികള്‍ എല്ലാം നീളത്തില്‍ ഒരു വരിയായി വച്ചാല്‍ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പകുതി കവര്‍ ചെയ്യാമായിരുന്നു എന്ന് പ്രീഡിഗ്രി തോറ്റപ്പോള്‍ ജോണിക്കുട്ടി കര്‍ത്താവിനോടു പരിഭവം പറഞ്ഞു. പിന്നീട് ഒരു സാഹസത്തിനു ജോണിക്കുട്ടി മുതിര്‍ന്നില്ല. ഇപ്പോള്‍ കൃഷി നോക്കി നടത്താന്‍ അപ്പച്ചനെ സഹായിക്കുന്നു.
"എന്നതാ അപ്പച്ചാ ?" അടുക്കലയിലിരുന്നു മൂന്നാമത്തെ കുറ്റി പുട്ടിലേക്ക് കൈ വയ്ക്കുകയായിരുന്ന ജോണിക്കുട്ടി ഉറക്കെ വിളിച്ചു ചോദിച്ചു.
"എടാ നീ നമ്മടെ ആ തെക്കേലെ പറംബീന്നു ഒരു വാഴക്കുല വെട്ടിക്കൊണ്ടു വരണം. ആ മുന്‍വശത്തെ കയ്യലയോട് ചേര്‍ന്ന് നിക്കുന്ന ആ പൂവന്‍ കുല പാകമായി നിക്കുവാ......വേണേല്‍ ആ കുട്ടനേം വിളിച്ചോ"
"ഉം.." ജോണിക്കുട്ടി സമ്മതം മൂളി.
വര്‍ഷങ്ങളായി കൃഷിയില്‍ അപ്പച്ചന്റെ വലം കയ്യായ വാസുകുട്ടന്റെ മകനാണ് കുട്ടന്‍. ജോണിക്കുട്ടിയും കുട്ടനും ഒരുമിച്ചു കളിച്ചു വളര്‍ന്നവരാണ്. മിക്കവാറും ഇരുവരും ഒന്നിച്ചാണ് നടപ്പ്. നാട്ടിലെ ബാലരമ വായിക്കുന്ന തല തെറിച്ച പിള്ളേര്‍ "ജമ്പനും തുമ്പനും" എന്നാണു വിളിക്കുനത്‌. ഇതില്‍ തുമ്പന്‍ ആരാണ് എന്നതിനെ ചൊല്ലി ജോണിക്കുട്ടിയും കുട്ടനും തമ്മില്‍ ഇടക്കിടെ കല്ല്‌ കടിയുണ്ടാകാരുണ്ട്.പറമ്പിലേക്ക്‌ കുറച്ചു ദൂരമുണ്ട്. അതുകൊണ്ട് ജോണിക്കുട്ടി തന്റെ അരുമ വാഹനമായ "ഹാര്‍ലി ടെവിട്സണ്‍"ഇല് അങ്ങോട്ടേക്ക് പോകാന്‍ തീരുമാനിച്ചു.
"ഹാര്‍ലി ടെവിട്സണ്‍" എന്നാണു ജോണിക്കുട്ടി ആ ശകടത്തെ വിളിക്കുന്നതെന്കിലും ബജാജ് m80 ആണ് സാധനം. അനിയതിപ്പ്രാവില്‍ കുഞ്ചാക്കോ ബോബന്‍ ഹീറോ ഹോണ്ട സ്പ്ലെണ്ടരില്‍ അങ്ങനെ വരുന്നത് കണ്ടതിനു ശേഷമാണ് അപ്പനോട് ഒരു ബൈക്ക് വേണം എന്നെ എളിയ ആവശ്യം ഉന്നയിച്ചത്‌.പൌലോസ് അച്ചായന്റെ മോള് ജാന്സിയേം കൊണ്ട് സ്പ്ലെണ്ടരില്‍ ചെത്തി നടക്കണം എന്നത് ജോണിക്കുട്ടിയുടെ ഒരു മോഹമായിരുന്നു. ഒടുക്കം സെക്കന്റ്‌ ഹാന്റാണെങ്കിലും പുള്ളിക്കാരന്‍ ഇതെങ്കിലും വാങ്ങി തന്നല്ലോ എന്നത് മാത്രമാണ് ഒരാശ്വാസം. അങ്ങനെ കഴിഞ്ഞ പള്ളിപ്പെരുന്നാളിനു വാങ്ങിയ "റോയ് ബാന്‍" കൂളിംഗ്‌ ഗ്ലാസ്‌ ഒക്കെ വച്ച് ജോണിക്കുട്ടിയും ഒപ്പം കുട്ടനും കുല വെട്ടാനായി "ഹാര്‍ലി ടെവിട്സണ്‍" ഇല് യാത്രയായി.
അത്യാവശ്യം നല്ല വലിപ്പമുള്ള പൂവന്‍ കുലയാണ്. ഒരു പത്തു പതിനഞ്ച് കിലോയെങ്കിലും വരും. ജോണിക്കുട്ടി വണ്ടി ഓടിക്കുന്നു. കുലയുമായി പിന്‍ സീറ്റില്‍ കുട്ടനും. ജോണിക്കുട്ടി വണ്ടി ഓടിക്കുവല്ല പറത്തുകയാണ് എന്ന് കുട്ടന് തോന്നി. നല്ല സ്പീഡ്...!! കുരിശടി കഴിഞ്ഞുള്ള വളവു തിരിഞ്ഞു വേണം പോകാന്‍. സ്പീഡ് ഒട്ടും കുറക്കാതെ തന്നെ ജോണിക്കുട്ടി വണ്ടി വീശിയെടുത്തു. "ആഫ്രിക്കന്‍ നൈററ്സ്" ത്രിവേണിയില്‍ ദിവസേന നാല് കളികള്‍ - ഇടതു വശത്തുള്ള മതിലില്‍ ഒട്ടിച്ച പോസ്റ്റര്‍ അപ്പോഴാണ്‌ ജോണിക്കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്.
"കൊള്ളാമല്ലോ ..!! കുറച്ചു നാളായി ഒന്ന് കണ്ടിട്ട്. നമുക്ക് ഇന്ന് പോയാലോ?" പുറകിലിരിക്കുന്ന കുട്ടനോട് ജോണിക്കുട്ടി ചോദിച്ചു.
അനക്കമില്ല.
സാധാരണ ഗതിയില്‍ കുട്ടനാണു ഇതിനൊക്കെ ഇനിഷിയെട്ടീവ് എടുക്കുന്നത്. ഇന്നെന്നാ പറ്റി?
"എടാ നിന്നോടാ ചോദിച്ചേ.."
അനക്കമില്ല.
എന്തോ പന്തികേട്‌ തോന്നി. ജോണിക്കുട്ടി വണ്ടി നിര്‍ത്തി. പിറകില്‍ കുട്ടനില്ല..!!
"എന്റമ്മോ..!!" ജോണിക്കുട്ടി വണ്ടി തിരിച്ചു വിട്ടു.
അങ്ങനെ കുരിശടിയുടെ അടുത്തുള്ള വളവില്‍ എത്തിയെപ്പോള്‍ കുട്ടന്‍ അതാ ഒരു തെങ്ങിന്‍ ചുവട്ടില്‍ കുത്തിയിരിക്കുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ചോര പൊടിയുന്നുണ്ട്. വളവു വീശിയെടുത്തപ്പോള്‍ കുലയുമായി പുറകിലിരുന്ന കുട്ടന്‍ തെറിച്ചു പോയതാണ്. ഹാര്‍ലി പാര്‍ക്ക്‌ ചെയ്തിട്ട് ജോണിക്കുട്ടി കുട്ടന്റെയടുതെക്ക് ഓടി. മുഖത്ത് ഭയങ്കര വിഷമം.എന്ത് സ്നേഹമുള്ള കൂട്ടുകാരന്‍...!! കുട്ടന്‍ മനസ്സില്‍ ഓര്‍ത്തു. കുട്ടിക്കാലത്തെ കാര്യങ്ങള്‍ സീരിയല്‍ തുടങ്ങുന്നതിനു മുന്‍പ് "കഥ ഇതുവരെ" എന്ന് കാണിക്കുന്ന പോലെ മനസ്സിലൂടെ മിന്നി മാഞ്ഞു.അപ്പോഴേക്കും ജോണിക്കുട്ടി അടുത്ത് വന്നു.
"വാഴക്കുലക്കൊന്നും പറ്റിയില്ലല്ലോ, അല്ലെ കുട്ടാ ?"
എന്ത് മറുപടി പറയണം എന്ന് അറിയാതെ കുട്ടന്‍ മിഴിച്ചിരിക്കുമ്പോള്‍ വഴക്കുലയുടെ അടുത്തേക്ക് ജോണിക്കുട്ടി ഓടി.

Saturday, 5 September 2009

ജെലൂസില്‍

എന്റെ എഞ്ചിനീയറിംഗ് പഠനം അങ്ങ് പോണ്ടിച്ചേരിയില്‍ ആയിരുന്നു. ഒന്നാം സെമസ്റ്റര്‍ ഞാന്‍ ഉള്‍പടെ എല്ലാ മല്ലൂസും കോളേജ് വക ഹോസ്റ്റലില്‍ ആയിരുന്നു താമസം. "ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും" എന്നുള്ളത് കൊണ്ട് ഭക്ഷണം ഹോസ്റ്റല്‍ മെസ്സില്‍ നിന്നും. മെസ്സ് നടത്തിപ്പ് തമിഴ്‌നാട് - ആന്ധ്രാ അതിര്‍ത്തിയില്‍ നിന്നുള്ള ടീംസാണ്. അതുകൊണ്ട് കിട്ടുന്ന ഭക്ഷണം ചിലപ്പോള്‍ "തമിഴ്നാടനാണോ?" എന്നു ചോദിച്ചാല്‍, ആണ്. "തമിഴ്നാടനല്ലേ?" എന്ന് ചോദിച്ചാല്‍, അല്ല എന്ന അവസ്ഥ. പിന്നെ ഉഴുന്ന് വട, ദോശ, ഇഡ്ഡലി തുടങ്ങിയ ഓള്‍ - ഇന്ത്യ വിഭവങ്ങള്‍ ഉള്ളതുകൊണ്ട് ഒരുവിധം അഡ്ജസ്റ്റ് ചെയ്തു പോന്നു.അങ്ങനെയിരിക്കുമ്പോഴാണ് അത് സംഭവിച്ചത്.
അന്ന് രാത്രി കഴിക്കാന്‍ "തേങ്കാ സാദം" ആയിരുന്നു. എന്നുവച്ചാല്‍ തേങ്ങ, തുവരപരിപ്പ്‌ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു റൈസ് ഐറ്റം. എനിക്ക് ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട്. തേങ്കാ സാധമെങ്കില്‍ തേങ്കാ സാദം. ഞാന്‍ പ്ലേടുമായി അങ്കതട്ടിലേക്കിറങ്ങി. ഒന്നാമത്തെ റൌണ്ട് കഴിഞ്ഞു, "ഇത് കൊള്ളാമല്ലോ സാധനം" എന്ന് പറഞ്ഞു അടുത്ത റൌണ്ട് എടുക്കാന്‍ പോകുമ്പോള്‍ ഹോസ്ററലിന്ടെ മുകളിലത്തെ നിലയില്‍ നിന്നും ഒരു ഗര്‍ജനം...."ഢായ് ....!!!" ഞാന്‍ ഞെട്ടി. നാഗര്കൊവില്കാരന് രാജ ആണ്.
"യാരും അന്ത സാദം സാപ്പിടാതുന്കോ..!! അതില്‍ വന്ത് പല്ലി....." ഞാന്‍ ഇത്രെയും കേട്ട് മുകളിലത്തെ നിലയിലേക്ക് ഓടുന്നവരുടെ കൂടെ അങ്ങോട്ട്‌ പോയി. രാജയുടെ റൂമിന് ചുറ്റും ഭയങ്ങര തിരക്ക്. ഒരുവിധം നുഴഞു കയറി ജനലിലൂടെ അകത്തേക്ക് നോക്കി. ഒരു പ്ലേറ്റ് ചോറ് താഴെ ചിതറി കിടക്കുന്നു. അതിന്റെ ഒത്ത നടുക്ക് "ദൈവമേ എന്നെ അങ്ങോട്ട്‌ വിളിക്കണേ" എന്ന ഭാവത്തില്‍ മേല്‍പ്പോട്ടു ഇരു കൈകളും ഉയര്‍ത്തി മലര്‍ന്നു കിടക്കുന്ന ഒരു പല്ലി..!! അത്യാവശ്യം നന്നായി വെന്തതിനാല്‍ പുള്ളിക്കാരന്റെ ഒരു കാലും വാലിന്റെ അറ്റവും ലയിച്ചു പോയിരുന്നു. എനിക്ക് ദേഹമാസകലം ഒരു പെരുപ്പ് അനുഭവപ്പെട്ടു.
ഒച്ചയും ബഹളവും കേട്ട് വാര്‍ഢന്‍് ഓടിപ്പാഞ്ഞു വന്നു. പിന്നാലെ മെസ്സിലെ കുക്കും. ആള്‍ക്കൂട്ടം ഉടന്‍ പിരിഞ്ഞു പോയില്ലെങ്കില്‍ ആകാശത്തേക്ക് വെടി വയ്ക്കും എന്നായി വാര്‍ഢന്‍്. ഒച്ചയും ബഹളവും ഒന്ന് കൂടി ഉഷാറായി. കുക്ക് പതുക്കെ ആ മുറിക്കുള്ളിലേക്ക് കയറാന്‍ നോക്കി. തെളിവ് നശിപ്പിക്കാനാനെന്നു മനസ്സിലാക്കിയ പിള്ളേര്‍ പുള്ളിയെ പുറത്തു ചാടിച്ചു മുറി പൂട്ടി. "സാര്‍, അത് വന്ത് പല്ലി കെടയാത് സാര്‍.....അത് ഇഞ്ചി താന്‍...ഒടംബ്ക്ക് നല്ലതാരിക്കുമേ എന്ന് നിനച്ചു താന്‍ ഇവളോ പെരിയ പീസ്‌ പോട്ടത്..." എന്നായി കുക്ക്. പ്രിന്‍സിപ്പാള്‍ വരണമെന്നായി പിള്ളേര്‍. കുക്ക് നിന്ന് വിയര്‍ക്കാന്‍ തുടങ്ങി. ബഹളം കേട്ട് പരിസര വാസികള്‍ ഹോസ്റെറലിനു ചുറ്റും കൂടി തുടങ്ങി. നിവര്‍ത്തിയില്ലാതെ വാര്‍ഢന്‍് പ്രിന്‍സിയെ ഫോണ്‍ ചെയ്യാന്‍ പോയി. "നമ്മുടെ വിജയം നമ്മള്‍ ആഘോഷിക്കണം...പരാജയം നമ്മള്‍ ആഘോഷിക്കണം...മരണം നമ്മള്‍ ആഘോഷിക്കണം.." എന്നാണല്ലോ സാഗര്‍ കോട്ടപ്പുറം പറഞ്ഞിരിക്കുന്നത്. എന്നാല്‍ പിന്നെ ഈ സംഭവവും അങ്ങ് ആഘോഷിച്ചു കളയാം എന്നായി പിള്ളേര്‍. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. എല്ലാരും ജാഥയായി ഹോസ്റെറലിനു വെളിയിലേക്ക്....ചിലര്‍ വയറൊക്കെ തിരുമ്മി "അമ്മാ...അമ്മാ.." എന്നും നിലവിളിച്ചു..മറ്റു ചിലര്‍ ഭയങ്കരമായ വാള്‍ അനുകരിച്ചു ....കുറെ പേര്‍ വഴിയില്‍ കാണുന്നവരോടൊക്കെ കാര്യം വിളമ്പി ...അങ്ങനെ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ ജാഥ കൂവി ബഹളം വച്ച് നീങ്ങുമ്പോഴാണ് ആരോ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഹെല്‍ത്ത്‌ സെന്റെറിന്റെ കാര്യം ഓര്‍ത്തത്‌. ജാഥ നേരെ അങ്ങോട്ട്‌. പകച്ചു നില്‍ക്കുന്ന നേര്സുമാര്‍. "എല്ലാവര്ക്കും ഊസി പോടുന്കെ സിസ്റ്റര്‍.." ("എല്ലാര്‍ക്കും ഇന്‍ജെക്ഷന്‍ വേണം സിസ്റ്റര്‍" എന്ന് വിവര്‍ത്തനം) എന്ന് ഒരുത്തന്‍. അപ്പോഴേക്കും പ്രിന്‍സിയും വാര്ടനും ഒന്ന് രണ്ടു സാറന്മാരും അവിടെ പാഞ്ഞെത്തി. സസ്പെണ്ട് ചെയ്യും മൂക്കില്‍ കേറ്റും എന്നൊക്കെ പറഞ്ഞു വെരട്ടി കൂട്ടം തെറ്റിയ കുഞ്ഞാടുകളെ എല്ലാത്തിനേം ഒരുവിധം തെളിച്ചു ഹോസ്റ്റലിന്റെ മുന്നില്‍ എത്തിച്ചു ഒരു ലൈന്‍ ആയി നിര്‍ത്തി. വാര്ടെന്‍ ഓരോ തലയും എണ്ണി എല്ലാവന്മാരും ഉണ്ട് എന്ന് ഉറപ്പു വരുത്തി. എന്നിട്ട് കയ്യില്‍ ഒരു പൊതിയുമായി വാതില്‍ക്കല്‍ നിലയുറപ്പിച്ചു. ഓരോരുത്തരായി അകത്തേക്ക് കയറുവാന്‍ പ്രിന്‍സി ആജ്ഞാപിച്ചു. അങ്ങനെ ഓരോ ആളും കയറുമ്പോള്‍ കയ്യിലിരുന്ന പൊതിയഴിച്ചു ഒരു ചമ്മിയ ചിരിയുമായി വാര്ടെന്‍ അത് ഒരെണ്ണം വീതം എല്ലാര്ക്കും കൊടുത്തു......ജെലൂസില്‍ ഗുളിക..!!!

Thursday, 13 August 2009

ബല്‍വല്‍ത്താര - ഒരു ഉത്തരാധുനിക കവിതാ സമാഹാരം

പ്രധാനമന്ത്രിയോടൊപ്പം അത്താഴവും കഴിച്ചു ധനകാര്യമന്ത്രിയോട് അടുത്ത ബജറ്റ് എന്റെ ബ്ലോഗിലൂടെ അവതരിപ്പിക്കുന്ന കാര്യമൊക്കെ (പുള്ളിക്കാരന്‍ അങ്ങനെ ഒരാഗ്രഹം പറഞ്ഞപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല) ചര്‍ച്ച ചെയ്തു, ഇന്ത്യയുടെ ഭാവിയെപ്പറ്റി കൂലങ്കഷമായി ആലോചിച്ചുകൊണ്ട്‌ കൊണാട്ട് പ്ലെയ്സിലൂടെ നടന്നു വരുമ്പോഴാണ് എന്റെ അടുത്തേയ്ക്ക് അവര്‍ വന്നത്. എവിടേയോ കണ്ടു മറന്ന മുഖങ്ങള്‍. ഞാന്‍ അങ്ങനെ ആലോചിച്ചു നില്‍ക്കുമ്പോള്‍ ഒരാള്‍ സ്വയം പരിചയപ്പെടുത്തി.
"സാര്‍, ഞാന്‍ ഒ പി ഒളശ്ശ. 'ബര്‍ണിംഗ് ഡിസയര്‍' എന്നാ വാരികയുടെ എഡിട്ടരാണ് ഇപ്പോള്‍..."
"പച്ചപ്പനംതത്തെ പുന്നാരപ്പൂമുത്തെ...." മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
പണ്ടാരം, ആ ഒബാമയാണ്. വല്ല ഉപദേശവും ചോദിക്കാനാവും. ഞാന്‍ കാള്‍ എടുത്തു.
"മച്ചൂ, നാളെ ആ ഉത്തര കൊറിയക്കെതിരെയുള്ള ഉപരോധ ബില്‍ പാസാക്കും. പിന്നെ, എന്നോട് പിണക്കമൊന്നും ഇല്ലല്ലോ, അല്ലെ ?"
"ഉം" ഞാന്‍ ഒന്നമര്‍ത്തി മൂളി.
"ഹോ, ആശ്വാസമായി. അപ്പോള്‍ എല്ലാം പറഞ്ഞപോലെ" . പുള്ളി കട്ട്‌ ചെയ്തു.
"സാര്‍..." പശു ചാണകം ഇടുംപോഴുള്ള മുഖഭാവത്തോടെ അടുത്തയാള്‍.
"സാര്......‍ഞാന്‍ ജെയിംസ്‌ പള്ളിത്തറ. റിട്ടയേര്‍ഡ്‌ ഡി ജി പി. ഞാന്‍ പണ്ട് S I ആയിരുന്നപ്പോള്‍ ഒരു കവിത എഴുതുയിരുന്നു...പോലീസ് അസോസിയേഷന്‍ മീറ്റില്‍ അവതരിപ്പിക്കാനായിരുന്നു. പക്ഷെ നടന്നില്ല..." പുള്ളി നെടുവീര്‍പ്പിട്ടു.
"അതിനു ഞാന്‍ എന്താ വേണ്ടത് ?"
"സാറിന്റെ ക്യാന്‍വാസ്‌ എന്നാ സുപ്രസിദ്ധമായ ആ ബ്ലോഗില്‍ എന്റെ കവിത പോസ്റ്റ്‌ ചെയ്യണം ".
"സാര്‍ .... എന്റെയും കവിത സാര്‍ ബ്ലോഗില്‍ ഇടണം" ഒളശ്ശ ചാടി വീണു.
"അതിനാണ് സാര്‍ ഞങ്ങള്‍ കേരളത്തില്‍ നിന്നും ഇവിടെ വരെ വന്നത്...കവിതകള്‍ സാറിന്റെ കയ്യില്‍ നേരിട്ട് തരണം എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു ..."
"ശരി ഞാന്‍ പോസ്റ്റ് ചെയ്യാം "
അവര്ക്കു കൊടുത്ത വാക്കു ഞാന്‍ പാലിക്കുന്നു. ആ രണ്ടു കവിതകളും ഞാന്‍ ഇതാ ഇവിടെ പോസ്റ്റ് ചെയ്യുന്നു.




Sunday, 9 August 2009

സ്പെയിന്‍ - കാഴ്ചകള്‍

ടാബ്ലോ അവതരിപ്പിക്കുന്ന ആര്ടിസ്റ്റുകള്‍
ദേവതകളുടെ വേഷം കെട്ടിയ ആര്ടിസ്റ്റുകള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു - ചില്ലറ തുട്ടുകള്‍ക്ക് വേണ്ടി .....


നഗരക്കാഴ്ചകള്‍......

ടിബിടാബോയില്‍ നിന്നുള്ള ഒരു ദൃശ്യം



ബാര്‍സിലോന ഫുട്ബോള്‍ സ്റ്റേഡിയത്തിനു പുറത്തു ...

കൊച്ചു കൊച്ചു സന്തോഷങ്ങള്‍........